കോഴിക്കോട് : യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സികെ സുബൈർ രാജിവെച്ചു. സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെത്തുടർന്ന് പാർട്ടി നേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നു. പെൺകുട്ടി മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തിന് നൽകിയ പരാതിയെത്തുടർന്നാണ് നടപടിയെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.
പാർട്ടി ദേശീയ ആധ്യക്ഷൻ ഖാദർ മൊയ്തീനാണ് സുബൈർ രാജി കത്ത് കൈമാറിയത്. രാജി കത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് അയച്ചതായും റിപ്പോർട്ടുണ്ട്. നേരത്തെ കത്വ, ഉന്നാവോ ഇരകൾക്ക് നൽകാൻ പിരിച്ച പണം സുബൈറും പികെ ഫിറോസും ചേർന്ന് തിരിമറി നടത്തിയതായി ആരോപണം ഉയർന്നിരുന്നു.
കത്വ, ഉന്നാവോ കേസുകളിലെ ഇരകളുടെ കുടുംബത്തെ സഹായിക്കാൻ യൂത്ത് ലീഗ് പിരിച്ച പണം ദേശീയ ജനറൽ സെക്രട്ടറി സികെ സുബൈർ, പികെ ഫിറോസ് എന്നിവർ ചേർന്ന് വകമാറ്റിയതായി മുൻ ദേശീയ സമിതി അംഗം യൂസഫ് പടനിലം ആരോപിച്ചിരുന്നു. യൂസഫിന്റെ പരാതിയിൽ വഞ്ചനാ കുറ്റത്തിന് കുന്ദമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post