കെ.എസ്.ശബരിനാഥൻ എം എൽ എയെ കളിപ്പേര് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ മാപ്പു പറഞ്ഞ് എഴുത്തുകാരൻ ബെന്യാമിൻ. താൻ പ്രയോഗിച്ച കളിപ്പേര് വിളിച്ച് അദ്ദേഹത്തെ തുടർന്നിങ്ങോട്ട് തുടർച്ചയായി ആളുകൾ അധിക്ഷേപിച്ചുവരികയാണെന്നും അതിൽ നിന്നും പിന്മാറണമെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ബെന്യാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് :-
“കഴിഞ്ഞ വർഷം ഞാനും ശബരീനാഥൻ എംഎൽഎയും തമ്മിലുണ്ടായ കടുത്ത വാക്ക്‌പയറ്റ് ചിലരെങ്കിലും ഓർക്കുന്നുണ്ടാവുമല്ലോ. അതിനിടയിൽ ഞാൻ തികച്ചും സന്ദർഭവശാൽ അദ്ദേഹത്തെ ഒരു കളിപ്പേര് വിളിച്ചാക്ഷേപിക്കുകയുണ്ടായി. ആ വാക്കുതർക്കത്തിനിടയിൽ അപ്പോൾ അവസാനിക്കേണ്ടിയിരുന്ന ഒരു പ്രയോഗം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും അദ്ദേഹത്തെ ആക്ഷേപിക്കാനുള്ള /പരിഹസിക്കാനുള്ള ആയുധമായി കൊണ്ടുനടക്കുകയും ചെയ്യുന്നതായി കാണുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായ പോസ്റ്റുകളിൽ മാത്രമല്ല വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് താഴെയും അങ്ങനെയുള്ള വിളിപ്പേരിനാൽ ആക്ഷേപങ്ങൾ ചൊരിയുന്നത് ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു.”
“നമ്മുടെ രാഷ്രീയപരമായ എതിരഭിപ്രയങ്ങൾ പ്രകടിപ്പിക്കുവാൻ നമുക്ക് മറ്റ് മാർഗ്ഗങ്ങൾ ഉണ്ടല്ലോ. രാഹുൽ ഗാന്ധിയെ അമൂൽ ബേബിയെന്ന് വിളിക്കുന്നതിലും പിണറായി വിജയനെ ചെത്തുകാരൻ എന്നു വിളിക്കുന്നതിലും കെ സുരേന്ദ്രനെ ഉള്ളി സുര എന്ന് വിളിക്കുന്നതിലും ഒക്കെ അരാഷ്ട്രിയത ഉണ്ട് എന്ന് ഞാൻ കരുതുന്നു. അതേ നിലപാട് തന്നെയാണ് ശബരീനാഥന്റെ കാര്യത്തിലും എനിക്കുള്ളത്. അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ നിലപാടുകളോട് നമുക്ക് കടുത്ത വിയോജിപ്പ് ഉണ്ടാവാം. അത് നാം ഉറക്കെ പറയുക തന്നെ വേണം. എന്നാൽ അത് ചുമ്മതെ കളിപ്പേരുകൾ വിളിച്ചാക്ഷേപിക്കുന്നതിലേക്ക് താഴ്‌ന്നു പോകരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു.”
“ആ പരിഹാസം പലപ്പോഴും അദ്ദേഹത്തിന്റെ കുടുംബാങ്ങൾക്കു നേരെയും അവരുടെ സന്തോഷ നിമിഷങ്ങൾക്ക് നേരെയും നീണ്ടു ചെല്ലുന്നു എന്നതാണ് ഏറ്റവും ഖേദകരം. ഇനിയെങ്കിലും അത് ഒഴിവാക്കാനുള്ള ഒരു കൂട്ടായ ശ്രമം ഉണ്ടാവണം എന്ന് എല്ലാവരോടും വിനീതമായി അഭ്യർത്ഥിക്കുന്നു. എന്നുമാത്രല്ല, ഒട്ടും മനപൂർവ്വമല്ലാതെ നടത്തിയ ഒരു പ്രയോഗം ശബരിയെപ്പോലെ ഒരു സംശുദ്ധ രാഷ്ട്രീയപ്രവർത്തകനെ പരിഹസിക്കാനായി നിരന്തരമായി ഉപയോഗിക്കപ്പെടുന്നു എന്നത് എനിക്ക് വളരെ വിഷമം ഉണ്ടാക്കുന്നുണ്ട്. അതിനു കാരണക്കാരനാകേണ്ടി വന്നതിൽ ശബരിയോട് നിർവ്യാജമായി ക്ഷമ ചോദിക്കുകയും ചെയ്യുന്നു.” അദ്ദേഹത്തെ അധിക്ഷേപിക്കുന്നതിൽ നിന്നും എല്ലാവരും പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്നതായും ബെന്യാമിൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
Discussion about this post