മക്കള്‍ക്ക് നീതി തേടി അമ്മ തല മുണ്ഡനം ചെയ്തു.വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തത്.
പെണ്‍കുട്ടികളുടെ വസ്ത്രങ്ങളും ചെരിപ്പും പാദസ്വരവും നെഞ്ചോട് ചേര്‍ത്തുപിടിച്ചു കൊണ്ടാണ് അമ്മ തല മുണ്ഡനം ചെയ്യാനായി ഇരുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സാമൂഹ്യ പ്രവര്‍ത്തകരായ ബിന്ദു കമലന്‍ സലീന പ്രക്കാനവും തല മുണ്ഡനം ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി വേണം നീതി വേണം എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് തല മുണ്ഡനം ചെയ്യുന്നത്.
തന്റെ കണ്ണീര്‍ സര്‍ക്കാര്‍ കണ്ടില്ല. ഒട്ടേറെ സാമൂഹിക പ്രവര്‍ത്തകരും നിരാഹരസമരം നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നും കാണാതെ സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും 14 ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്നത്തോടെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും സാമൂഹിക പ്രവര്‍ത്തകരും നടത്തിയ സമരം അവസാനിക്കും. വാളയാറിലെ ഇളയ പെണ്‍കുട്ടി മരിച്ചതിന്റെ ചരമവാര്‍ഷിക ദിനമായ മാര്‍ച്ച് നാലിന് എറണാകുളത്ത് ഒരു സമരപരിപാടി നടത്തും. തുടര്‍ന്നായിരിക്കും മറ്റ് സമരപരിപാടികളെ കുറിച്ച് തീരുമാനിക്കുകയെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.
Discussion about this post