പരശുരാമൻ മഴുവെറിഞ്ഞു സൃഷ്ടിച്ചതാണ് കേരളം എന്നൊരു വിശ്വാസം നമ്മുടെ നാട്ടിലുണ്ട്. എന്നാൽ പരശുരാമൻ ജനിച്ചതെവിടെ എന്ന് ചോദിച്ചാൽ ഭാർഗവഭൂമിയിലെ അധികമാർക്കും ഉത്തരമറിയില്ല.
എങ്കിൽ അറിയുക, മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലുള്ള ജാനാപാവ് എന്ന ഹരിതസുന്ദരമായ മലമുകളിലാണ് പരശുരാമൻ ജനിച്ചതെന്നാണ് വിശ്വാസം. ഭാരതീയ ഇതിഹാസങ്ങളിലും, പുരാണങ്ങളിലും സവിശേഷ സ്ഥാനമലങ്കരിക്കുന്ന ഒന്നാണ് വിന്ധ്യാ സത്പുര പർവ്വത നിരകൾ . സത്പുര മലനിരകളുടെ ഭാഗമായ ജാനാപാവിൽ പരശുരാമന്റെ പിതാവായ ജമദഗ്നി മഹർഷി ആശ്രമം കെട്ടി ജീവിച്ചിരുന്നു എന്നാണ് വിശ്വാസം. മലമുകളിലെ ശിവക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് ജമദഗ്നി ആണെന്നും കരുതപ്പെടുന്നു.

ജമദഗ്നിയുടെ ഭാര്യയും, പരശുരാമന്റെ അമ്മയുമായ രേണുക പ്രഗത്ഭയായ ആയുർവേദ ഭിഷഗ്വര ആയിരുന്നുവത്രെ. വിശ്വാസത്തെ ശരിവെയ്ക്കും വിധം അമൂല്യങ്ങളായ നിരവധി ഔഷധ സസ്യങ്ങളുടെ കലവറ കൂടിയാണ് ജാനാപാവ്. ഇന്നും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള ആയുർവേദ വൈദ്യന്മാർ മരുന്നുകൾ അന്വേഷിച്ചു ഇവിടെ എത്താറുണ്ട്. പരശുരാമ ക്ഷേത്രത്തിനോട് ചേർന്നുള്ള ബ്രഹ്മകുണ്ഡം ചമ്പൽ, ചോരൽ, ഗംഭീർ, അജ്നാർ, കാരം, അംഗറെർ, ധമനീ എന്നിങ്ങനെ ഏഴു നദികളുടെ പ്രഭവസ്ഥാനമായാണ് അറിയപ്പെടുന്നത്.

ഇൻഡോറിൽ നിന്നും ഏകദേശം നാൽപ്പത്തിയഞ്ച് കിലോമീറ്റർ ദൂരമുണ്ട് ജാനാപ്പാവിലേയ്ക്ക്. ജാനാപാവിൽ നിന്നും ഏകദേശം പതിമൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ സിതലാ മാതാ ക്ഷേത്രത്തിൽ എത്തും.ദുർഗാദേവിയുടെ ഭാവങ്ങളിൽ ഒന്നായ ശീതള മാതാവിനെയാണ് ഇവിടുത്തെ ഗുഹാക്ഷേത്രത്തിൽ ആരാധിക്കുന്നത്. വനവാസകാലത്ത് ശ്രീരാമനും, സീതയും, ലക്ഷ്മണനും ഇവിടെ താമസിച്ചിരുന്നു എന്നാണ് സങ്കൽപം. എന്നൊരു ഐതിഹ്യവുമുണ്ട്. ക്ഷേത്രത്തോട് ചേർന്നുള്ള വെള്ളച്ചാട്ടത്തിൽ സീതാദേവി കുളിച്ചു എന്നും ഐതിഹ്യം. അടുത്ത് തന്നെ ശിവപ്രതിഷ്ഠയുള്ള ഒരു ഗുഹാക്ഷേത്രവും കാണാം.

സങ്കടകമാരായ മറ്റൊരു സത്യമെന്തെന്നാൽ ഹൈന്ദവ വിശ്വാസപ്രകാരം ഇത്രയേറെ പ്രാധാന്യമുള്ള സ്ഥലമായിട്ടും, വേണ്ടത്ര പരിഗണന ജാനാപാവിനു ഇപ്പോൾ ലഭിക്കുന്നില്ല എന്നതാണ്. സമുദ്രനിരപ്പിൽ നിന്നും മൂവായിരം അടിയോളം ഉയരമുള്ള ജാനാപാവ് മധ്യപ്രദേശിലെ ഒരു പിക്നിക് സ്പോട്ട് എന്ന നിലയിൽ മാത്രമാണിപ്പോൾ പരിഗണിക്കപ്പെടുന്നത്. സന്ദർശകരിൽ ഏറെയും വിശ്വാസികളേക്കാൾ വിനോദയാത്രികരാണ്.

വിനോദ സഞ്ചാരികൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങളും സാധുമൃഗങ്ങൾ വിഹരിക്കുന്ന പ്രദേശത്ത് ഒരു പ്രശ്നമായി മാറിയിട്ടുണ്ട്. ബ്രഹ്മകുണ്ഡത്തിൽ നിന്നും ഉത്ഭവിക്കുന്ന നദികളിൽ ചമ്പൽ ഒഴികെയുള്ളവ മൃതാവസ്ഥയിലുമാണ്. ഇവയെ വീണ്ടെടുക്കുമെന്ന് 2015 ഇൽ മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വാഗ്ദാനം നൽകിയിരുന്നു എങ്കിലും നടപ്പിലാക്കപ്പെട്ടതുമില്ല. പുതിയ ക്ഷേത്രത്തിന്റെ നിർമ്മാണം പതിയെ ആണെങ്കിലും പുരോഗമിക്കുന്നുണ്ട്.
ഹിൽടോപ് വ്യൂ ഇഷ്ടമുള്ളവർക്കും, ഹെയർപിൻ ഡ്രൈവുകൾ ഇഷ്ടമുള്ളവർക്കും മനസ്സ് നിറയ്ക്കുന്നൊരു യാത്ര കൂടിയാകും ജാനാപാവ് സന്ദർശനം എന്നതിൽ സംശയമില്ല.
Discussion about this post