“എന്നെ ഈ ഞാനായ് ജ്വലിപ്പിച്ചുണർത്തിയോരഗ്നിയേപ്പോലും
അവിശ്വസിച്ചെങ്കിലും കോസലരാജകുമാരാ.. രാജകുമാരാ…
എന്നുമാ സങ്കൽപ്പ പാദപത്മങ്ങളിൽ
തലചായ്ച്ചു വെച്ചേ ഉറങ്ങിയുള്ളൂ..
സീത ഉറങ്ങിയുള്ളൂ…” (കമലദളം )
വാത്മീകി രാമായണത്തെ ചുവടു പിടിച്ച് മുന്നോറോളം രാമായണങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. മഹാഭാരതത്തെ ചുവടു പിടിച്ച് ഭീമന്റെ മനസ്സ് സംസാരിച്ച വിഖ്യാത നോവലായിരുന്നു എംടിയുടെ രണ്ടാമൂഴം. എന്നാൽ കര്ണന്റെയും, രാവണന്റെയും ഭാഗങ്ങളെല്ലാം നോവലുകളായി ഇറങ്ങിയപ്പോൾ സീതയുടെ പക്ഷം ഒരൊറ്റ പാട്ടു കൊണ്ട് ചിന്തിപ്പിച്ച കവിയാണ് കൈതപ്രം ദാമോദരൻ.
രാമൻ എന്തുകൊണ്ട് സീതയെ കാട്ടിലുപേക്ഷിച്ചു എന്നതിന് നിരവധി വ്യാഖ്യാനങ്ങൾ ചമയ്ക്കപ്പെട്ടിട്ടുണ്ട്. സീതാ പരിത്യാഗംവാത്മീകി രാമായണത്തിന്റെ ഭാഗമല്ലാത്ത ഉത്തര രാമായണത്തിലെ ആണെന്നും, രാമൻ ചെയ്തത് സദാചാര മൂല്യത്തിന്റെ ഉച്ചസ്ഥായിയിൽ ജീവിച്ച അന്ത സമൂഹത്തിൽ ഒരു രാജാവിന്റെ ധർമം ആണെന്നും അടക്കം ; രാമപക്ഷം വിശദീകരിച്ച നിരവധി പേരുണ്ടെങ്കിലും സീതയുടെ പക്ഷം പറഞ്ഞവർ അധികമില്ല. സീതയുടെ ഭാഗം കൈതപ്രത്തോളം ഭംഗിയായി പറഞ്ഞ മറ്റൊരാൾ ഉണ്ടെന്നും തോന്നുന്നില്ല.
ത്രയംബകം വില്ലൊടിച്ചു തന്നെ സ്വന്തമാക്കിയ രാമൻ മാത്രമായിരുന്നു സീതയുടെ ലോകം. രാജസൗഖ്യങ്ങൾ ഉപേക്ഷിച്ച് വനവാസത്തിന് കൂടെ പുറപ്പെട്ടവൾ.
അശോകവനിയിൽ 14 സംവത്സരം രാമനെ മാത്രം ധ്യാനിച്ചിരുന്നവൾ . രാവണ വധത്തിന് ശേഷം അഗ്നി പരീക്ഷാ വേദിയിൽ, ഇക്കഴിഞ്ഞ 14 വർഷം രാമൻ എന്ത് ചെയ്‌തെന്ന് സംശയിക്കാതിരുന്ന , തന്റെ ചാരിത്ര്യ ശുദ്ധിയെ അഗ്നിപരീക്ഷയാൽ തെളിയിച്ചവൾ. രാമനെന്ന രാജാവിന്റെ ധർമം മാനിച്ച് വാത്മീകിയുടെ ആശ്രമത്തിൽ സർവ്വ സുഖങ്ങളും ത്യജിച്ചു ജീവിച്ചവൾ, രാമപാദം മനസ്സിൽ നിനച്ചുറങ്ങിയവൾ.
ഇങ്ങനെ ദേഹം എന്ന ബോധം പോലും ത്യജിച്ച് വൈദേഹിയായി രാമനെ സ്നേഹിച്ച സീതയെ ആണ് രാമനെന്ന മര്യാദാപുരുഷോത്തമൻ സംശയത്തിന്റെ പേരിൽ വധിക്കാൻ ഉത്തരവിടുന്നത്.
പാടിപ്പഴകിയ രാമായണ കഥയുടെ ഇതിവൃത്തം ഇത് തന്നെയാണെങ്കിലും; സീത എന്ന സ്ത്രീ ഈ കാലങ്ങളിൽ എല്ലാം ഉള്ളിൽ ഒളിപ്പിച്ച സ്നേഹം, ബഹുമാനം, ഭർതൃ ഭക്തി, നിരാശ, സങ്കടം തുടങ്ങിയ എല്ലാ വികാരങ്ങളും കൈതപ്രം ഒരൊറ്റ പാട്ടിനാൽ കുറിച്ചിടുന്നുണ്ട്. രാമായണം പറയാൻ മറന്നു പോയ, വാത്മീകി പോലും ആലോചിക്കാതെ പോയ ഒരു സ്ത്രീയുടെ ഭാഗം ആ വരികളിൽ വർണ്ണിക്കുന്നുണ്ട്.
Discussion about this post