നായക നടന്മാരുടെ ഇഷ്ടങ്ങൾക്ക് വഴങ്ങി കൊടുക്കാതിരുന്നത് കൊണ്ട് താൻ അഹങ്കാരിയായി മുദ്ര കുത്തപ്പെട്ടുവെന്ന് രവീണ ടണ്ടൻ.
90 കളിലെ താരറാണിമാരിൽ പ്രമുഖയായിരുന്ന രവീണ ടണ്ടൻ, വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതിരുന്നതിനാൽ തനിക്ക് നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് വിലയിരുത്തുന്നത്.
പിങ്ക് വില്ല എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി താൻ നേരിട്ട കാര്യങ്ങൾ വെളിപ്പെടുത്തിയത്. 90 കളിൽ ബോളിവുഡ് ഇൻഡസ്ട്രി പുരുഷമേധാവിത്വത്തിൽ അധിഷ്ഠിതമായിരുന്നു. ഇന്ഡസ്ട്രിയിലെ പുരുഷ കേന്ദ്രീകൃത നിയമങ്ങൾ അനുസരിക്കാത്തത് കൊണ്ടും, നായകനടന്മാരുടെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞു നിൽക്കാൻ തയ്യാറാകാഞ്ഞത് മൂലവും തനിക്ക് മുരടൻ സ്വഭാവക്കാരി എന്നൊരു ദുഷ്‌പേര് നൽകപ്പെട്ടു. സ്വന്തം കരിയറിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും പുരുഷതാരങ്ങളോടുള്ള ഈ മനോഭാവം മൂലം രവീണയെ കുറിച്ച് നിരവധി മോശം ലേഖനങ്ങൾ എഴുതപ്പെട്ടു.
പ്രമുഖ വനിതാ മാധ്യമപ്രവർത്തകർ പോലും പുരുഷ അഭിനേതാക്കൾക്ക് കൈത്താങ്ങായി നിന്നുകൊണ്ട് തനിക്കെതിരെ തിരിയുന്നത് കണ്ടപ്പോൾ താൻ വളരെ നിരാശയായി മാറി എന്നും താരം പറഞ്ഞു. ചിലരുടെയെല്ലാം ഈഗോയെ തകർത്തത് കൊണ്ടാണ് തനിക്കെതിരെ മോശം ലേഖനങ്ങൾ എഴുതപ്പെട്ടത് എന്നും രവീണ പറഞ്ഞു. പുരുഷകേസരികളും, അവരുടെ കാമുകിമാരും, പത്രപ്രവർത്തകരും ചേർന്നൊരു ഗൂഡാലോചനാ സംഘം തന്നെ ഇൻഡസ്ട്രിയിൽ നിലനിൽക്കുന്നുണ്ടായിരുന്നു. എന്നാൽ സ്ത്രീകൾ തന്നെ മറ്റൊരു സ്ത്രീക്കെതിരെ ഇത്തരത്തിൽ പ്രവർത്തിക്കുമെന്ന യാഥാർഥ്യം തന്നെ ഞെട്ടിച്ചു കളഞ്ഞു. അതേ ലേഖകർ ഇപ്പോൾ ഞങ്ങൾ ഫെമിനിസ്റ്റുകളാണ് എന്ന് കൊട്ടിഘോഷിച്ചു കൊണ്ട് ലേഖനങ്ങൾ എഴുതുന്നു.
ബോളിവുഡ് ഇൻഡസ്ട്രി ഇന്നത്തേത് പോലെ പ്രൊഫഷണൽ അല്ലാതിരുന്ന സമയത്ത് താൻ നേരിട്ട പ്രതിസന്ധികളെ അവർ വിവരിച്ചു.
Discussion about this post