ഓസ്കർ ഐസക്കും ബെൻ കിങ്സ്‌ലിയും മുഖ്യവേഷങ്ങളിലെത്തിയ ഈ ചിത്രം നാസി-ജൂത സംഘർഷത്തിൽ രൂപപ്പെട്ട സിനിമയാണ്.
ലോക മനസാക്ഷിയെ വിറപ്പിച്ച സ്വേച്ഛാധിപതി ,അഡോൾഫ് ഹിറ്റ്ലർ തന്നെയാണ് എന്നതിൽ ആർക്കും സംശയമുണ്ടാകില്ല.. ചെയ്തു കൂട്ടിയ ക്രൂരതകൾക്ക് കൃത്യമായ കണക്കുകളും ഇല്ല. എന്നാൽ ഇതൊന്നും ഹിറ്റ്ലർ അല്ല നേരിട്ട് പ്രാവർത്തികമാക്കിയത്. ഇതിനൊക്കെ ഉത്തരവിടുക മാത്രമാണയാൾ ചെയ്തത് . അപ്പോൾ ഇതൊക്കെ നടപ്പിലാക്കാൻ ഉള്ള സന്നാഹങ്ങൾ ഒരുക്കിയവരെ കുറിച്ച് ആലോചിച്ചു നോക്കിയിട്ടുണ്ടോ ? വാസ്തവത്തിൽ ഹിറ്റ്ലർക്കാളും ക്രൂരന്മാർ അവരല്ലേ ?? ആ കൂട്ടത്തിൽ പ്രമുഖനാണു അഡോൾഫ് ഐക്മാൻ.
രണ്ടാം ലോക മഹായുദ്ധകാലത്തു ജൂതന്മാരുടെ പേര് വിവരങ്ങളുടെ കണക്കെടുപ്പിന്റെയും , അവരെ കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് എത്തിക്കുന്നതിന്റെയും ചുക്കാൻ പിടിച്ചത് ഐക്മാൻ ആയിരുന്നു .ജൂതവംശത്തെ ഭൂമുഖത്തു നിന്നും അപ്പാടെ തുടച്ചു നീക്കാനുള്ള പദ്ധതിയും നടത്തിപ്പ് ചുമതലയും ഐക്ക്മാന്റെ തലച്ചോറിലാണ് രൂപപ്പെട്ടത്. 6 മില്യൺ ജൂതന്മാരാണ് ഹോളോകോസ്റ്റിൽ ദാരുണമായി കൊല ചെയ്യപ്പെട്ടത് .
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സഖ്യകക്ഷികളുടെ പിടിയിൽ പെട്ട ഐക്മാൻ ,അതി വിദഗ്ധമായി അവിടെ നിന്നും രക്ഷപെട്ടു അര്ജന്റീനയിലേക്ക് പലായനം ചെയ്തു .1946 മുതൽ 1960 വരെ അർജന്റീനയിൽ പല അപരനാമങ്ങൾ സ്വീകരിച്ചു ജീവിച്ചു, ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് റിക്കാർഡോ ക്ലമന്റ് എന്നുള്ളതായിരുന്നു . ഐക്മാൻ ബ്യൂണസ്സ് അയേഴ്സിൽ ഒളിച്ചു താമസിക്കുന്നതായി രഹസ്യ വിവരം ലഭിച്ച മൊസാദ് , അയാളെ ഇസ്രായേലിലേക്ക് കടത്തി വിചാരണക്ക് വിധേയനാക്കാനുള്ള തന്ത്രങ്ങൾ മെനയുന്നിടത്തു നിന്നാണ് ഈ സിനിമ ആരംഭിക്കുന്നത്.
ഓപ്പറേഷൻ ഫിനാലെയുടെ മുഖ്യ ഓഫീസർ പീറ്റർ മൽകിൻ ആയി ഓസ്‌കാർ ഐസക്കും, അഡോൾഫ് ഐക്മാൻ ആയി ബെൻ കിംഗ്സ്ലി യും നിറഞ്ഞുനിൽക്കുന്നു.
പീറ്റർ മാലികിന്റെ ഓർമ്മക്കുറിപ്പായ Eichmann in my hands എന്ന പുസ്തകമാണ് സിനിമയുടെ ആധാരം .
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി രചിച്ചത് കൊണ്ടുതന്നെ യാഥാർഥ്യബോധത്തോടു കൂടിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ വളരെയധികം ഇഴഞ്ഞു നീങ്ങുന്ന ഈ സിനിമ ഒരുപക്ഷെ എല്ലാവർക്കും ഇഷ്ട്ടപ്പെടണമെന്നുമില്ല..
ചരിത്രത്തോട് നീതി പുലർത്തുന്നതിൽ നൂറ് ശതമാനവും വിജയിച്ചിരിക്കുന്ന ഈ ചിത്രത്തെ ഹിസ്റ്റോറിക്കൽ ഡ്രാമ എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം
Discussion about this post