കൂടൽമാണിക്യം ക്ഷേത്രം തൃപ്രയാറിൽ നിന്നും ഭക്തർ എത്തേണ്ടത് ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലാണ്. ഭരതനാണ് വിഗ്രഹം. ഉപദേവതമാരില്ല. മൂന്ന് കൈകളിൽ കോദണ്ഡം, ചക്രം, ശംഖ് എന്നിവയും അഭയ മുദ്രയോടു കൂടിയതുമായ പ്രതിഷ്ഠ. ഇരുനില വട്ട ശ്രീകോവില്‍ കിഴക്ക് ദർശനമായി നിലകൊളളുന്നു.
പ്രതിഷ്ഠ ഭരതന്റേതെങ്കിലും പൂജകൾ മഹാവിഷ്ണിവിനാണ്. വിഗ്രഹത്തിൽ കണ്ട മാണിക്യകാന്തി പരിരക്ഷിക്കാൻ കായംകുളം രാജധാനിയിൽ നിന്നും കൊണ്ടു വന്ന മാണിക്യം വിഗ്രഹത്തിനടുത്തു വച്ചപ്പോൾ അത് വിഗ്രഹത്തിൽ ലയിച്ചു ചേർന്നു എന്നാണ് ഐതിഹ്യം. അന്ന് മുതലാണ് കൂടൽമാണിക്യക്ഷേത്രമെന്നറിയപ്പെടുന്നതത്രേ.
പൂജയ്ക്ക് ചന്ദനത്തിരിയും കര്‍പ്പൂരവും ഉപയോഗിക്കില്ല. ഉപദേവതയില്ല, ദീപാരാധനയില്ല, വിഷ്ണു ക്ഷേത്രമെങ്കിലും പ്രദക്ഷിണം ശിവനെപ്പോലെ അപൂർണ്ണമാണ്. വയറു വേദനയ്ക്കും മലബന്ധത്തിനുമുള്ള വഴുതനങ്ങ നിവേദ്യം, ശ്വാസകോശരോഗത്തിന് മീനൂട്ട്, അഭീഷ്ടസിദ്ധിക്ക് താമരമാല, ആൺകുട്ടിക്ക് കടുംപായസം, പെൺകുട്ടിക്ക് വെളള നിവേദ്യം എന്നിവയാണ് ഇവിടുത്തെ വഴിപാട്. തെറ്റി തുളസി എന്നിവ ഇവിടെ വളരില്ല. ക്ഷേത്രക്കുളത്തിൽ മത്സ്യമൊഴികെ മറ്റൊരു ജലജന്തുക്കളും ഉണ്ടാകാറില്ലെന്നത് പ്രത്യേകതയാണ്. ഹനുമാൻ പ്രതിഷ്ഠയില്ല. പുത്തരിനേദ്യം പ്രസിദ്ധമാണ്.
തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം
എറണാകുളം ജില്ലയിൽ ആലുവാമാള റൂട്ടിൽ മൂഴിക്കുളത്താണ് ലക്ഷ്മണന്റെ ഈ ക്ഷേത്രം. വൈഷ്ണവ ഭക്തരായ ആഴ്വാന്മാർ പാടിപ്പുകഴ്ത്തിയ 108 വൈഷ്ണവ തിരുപ്പദികളിലൊന്നാണിതും. ഇരുനിലവട്ട ശ്രീകോവിലിൽ കിഴക്കു ദർശനമായി ആറടിയോളം ഉയരമുണ്ട്. ചതുർബാഹു വിഗ്രഹമാണ് പ്രതിഷ്ഠ. പീഠത്തിൽ തന്നെ ഹനുമാന്റെ സാന്നിധ്യമുണ്ട്. ആദിശേഷന്റെ അവതാരമായി ഈ തിരുമൂഴിക്കുളത്തപ്പനെ കാണുന്നു. ശിവന്‍, ഗണപതി, ശ്രീരാമൻ, സീത, ശാസ്താവ്, ഭഗവതി, ഗോശാല കൃഷ്ണൻ എന്നിവർ ഉപദേവതകൾ. പാൽപ്പായസം, ഒറ്റയപ്പം, അവൽ അരവണ, കദളിപ്പഴം എന്നിവ വഴിപാട്. ക്ഷിപ്ര കോപിയാണെങ്കിലും തിരുമൂഴിക്കുളത്തപ്പൻ ക്ഷിപ്ര പ്രസാദിയുമാണ്. ഇവിടെ ദർശിക്കാനാണ് ഏറെ ബുദ്ധിമുട്ട്. കൂടൽമാണിക്യക്ഷേത്ര ത്തിൽ നിന്നും പ്രഭാത പൂജ കഴിഞ്ഞ് തിടുക്കത്തിൽ പോന്നാലെ മൂഴിക്കുളത്ത് പ്രഭാതപൂജയ്ക്ക് എത്താൻ കഴിയൂ. മൂഴിക്കുളത്തെ ഉച്ചപൂജയ്ക്കു നിന്നാൽ പായമ്മേൽ ഉച്ചപൂജ തൊഴാൻ പ്രയാസപ്പെടും. നടക്കാത്ത കാര്യം പോലും നടത്തി തരുന്നയാ ളാണ് ഇവിടുത്തെ ദേവൻ. സന്താനലബ്ധിക്കും, സർപ്പദോഷ നിവാരണത്തിനും, ആയുരാരോഗ്യ സൗഖ്യത്തിനും മൂഴിക്കുളത്തപ്പൻ പ്രസിദ്ധമാണ്.
പായമ്മൽ ശത്രുഘ്നക്ഷേത്രം
തൃശൂർ ജില്ലയിലെ അരിപ്പാലത്ത് കൊടുങ്ങല്ലൂര്‍ ഇരിങ്ങാലക്കുട റൂട്ടിൽ വെളളാങ്ങല്ലൂർ കവലയിൽ നിന്നും ആറു കിലോ മീറ്റർ അകലെ പൂമംഗലം പഞ്ചായത്തിലാണ് പായമ്മൽ ശത്രുഘ്നക്ഷേത്രം. ചതുരാകൃതിയിലുളള ശ്രീകോവിലിൽ കിഴക്കു ദർശനമായി മൂന്നര അടിയോളം ഉയരമുളള ശത്രുഘ്ന വിഗ്രഹം. സുദർശന ചക്രത്തിന്റെ അവതാരമെന്ന് ഐതിഹ്യം. പ്രായത്തിൽ അവസാനമാണെങ്കിലും ലവണാസുരന വധിച്ച ഈ ദശരഥപുത്രൻ നാലമ്പലദർശനത്തിന്റെ അവസാന പാദത്തിലാണ് കുടികൊളളുന്നത്. ദേവശില്പി ഒരേ വലിപ്പത്തിലുള്ള നാല് വിഗ്രഹങ്ങളുണ്ടാക്കാനാണ് തീരുമാനിച്ചത്. മറ്റു മൂന്നും ആറടിയിൽ ഉണ്ടാക്കിയപ്പോൾ ശത്രുഘ്നനൻ ദേവ ശില്പിയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞുവത്രേ – എന്റെ ജ്യേഷ്ഠന്മാരെല്ലാം എല്ലാം കൊണ്ടും എന്നെക്കാൾ വലിയവരാണ്. അവർക്കൊപ്പം എനിക്ക് വലിപ്പം വേണ്ട. അങ്ങനെ മൂന്നര അടിയിൽ വിഗ്രഹം പണിയുകയായിരുന്നത്രേ. ശ്രീകോവിലിനുമുണ്ട് പ്രത്യേകത. മറ്റു മൂന്ന് പേരുടെയും വട്ടശ്രീകോവിലാണെങ്കിൽ ഇവിടെ ചതുര ശ്രീകോവിലാണ്, ശാന്തസ്വഭാവമാണ്. ധർമ്മ പത്നിയായ ശ്രുതകീർത്തി സാന്നിദ്ധ്യവുമുണ്ട്. പിൻവിളക്കു കത്തിക്കേണ്ടതാണ്. ഉപദേവനായി വിഘ്നേശ്വരൻ മാത്രമേ ഉളളൂ. ശത്രുദോഷത്തിനും ശാന്തിക്കും സുദര്‍ശനപുഷ്പാഞ്ജലിയും, സുദർശന സമർപ്പണവുമുണ്ട്.
Discussion about this post