ദില്ലിയിൽ ഇപ്പോൾ നടക്കുന്ന കർഷക സമരങ്ങളുടെ ദൃശ്യങ്ങൾ ടിവി യിൽ കാണുമ്പോൾ 1980 കളുടെ ആദ്യ പകുതിയിൽ നടന്ന ഖാലിസ്ഥാൻ പ്രക്ഷോഭം ഓർമ്മയിൽ ഓടിയെത്തുന്നു. ഈ ദൃശ്യങ്ങളിലെല്ലാം കൂടുതലും സർദാർജിമാരെയാണ് കാണാൻ സാധിക്കുന്നത്. 1980 ൽ ആരംഭിച്ച ഖാലിസ്ഥാൻ പ്രക്ഷോഭത്തിൻറ്റെയും മുൻനിരയിൽ തലപ്പാവണിഞ്ഞ സർദാർജിമാരായിരുന്നു.
1984 ജൂൺ ആദ്യവാരം അമൃതസാർ ഗോൾഡൻ ടെമ്പിളിൽ നടന്ന ബ്ലൂ സ്റ്റാർ ഓപ്പറേഷൻ സമയത്ത് ഗോൾഡൻ ടെംപിളിൽനിന്നും ഒരു 5 km ദൂരെ ഞാനും ഉണ്ടായിരുന്നു. ഞങ്ങളുടെ എയർഫോഴ്സ് ക്യാമ്പിലെ കെട്ടിടത്തിൻറ്റെ ടെറസ്സിൽ നിന്നും അന്നത്തെ ഫയർ വർക്സ് കുറെയൊക്കെ വ്യക്തമായി കാണുവാനും കേൾക്കുവാനും കഴിഞ്ഞു.
ഏതു രാഷ്ട്രീയപ്പാർട്ടിയിലായിരുന്നാലും സർദാർജിമാരിൽ ആരും ഖാലിസ്ഥാൻ വാദത്തെ എതിർത്തിരുന്നില്ല. ഞാൻ പരിചയപ്പെട്ടിട്ടുള്ള എല്ലാ സർദാർജിമാരും ഖലിസ്ഥാൻ വാദത്തെ അനുകൂലിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ഒരു കേന്ദ്രസർക്കാരും ഒരു പ്രത്യേക രാജ്യമായി മാറാനുള്ള ഒരു സംസ്ഥാനത്തിൻറ്റെ ആവശ്യം അംഗീകരിക്കില്ലായെന്നു മനസ്സിലാക്കാൻ അന്നു സിക്കുകാർക്കു കഴിഞ്ഞില്ല. വെറുതെ കുറെ ചോരപ്പുഴയൊഴുക്കി. ഇന്ദിരാഗാന്ധിയുടെ സർക്കാരിനോട് വലിയ വെറുപ്പും വിദ്വേഷവും അവർക്കുണ്ടായിരുന്നു. എയർ ഫോഴ്‌സിൽ എൻറ്റെ കൂടെ സേവനം ചെയ്തിരുന്ന സർദാർജിമാരിൽ പലരും എന്നോട് ഇത് തുറന്നു പറഞ്ഞിട്ടുമുണ്ട്. പണത്തിന് അന്നും അവർക്ക് കുറവില്ലായിരുന്നു. എല്ലാ വീടുകളിൽനിന്നും ആരെങ്കിലും കാനഡയിൽ ഉണ്ടായിരുന്നു. പിന്നെ അമേരിക്കയും പാകിസ്താനുമൊക്കെ ഇന്ത്യയെ ദുർബ്ബലപ്പെടുത്താൻ ആരു ശ്രമിച്ചാലും അവരെ പിന്തുണക്കുവാൻ തയ്യാറാകുന്ന അവസ്ഥയുമായിരുന്നു അന്ന് നിലനിന്നിരുന്നത്. അതുകൊണ്ട് പലവിധമായ ബാഹ്യ പിന്തുണയും അവർക്കു ലഭിച്ചിരുന്നു. ഇന്ദിരാഗാന്ധിയോടുള്ള എതിർപ്പുകൊണ്ട് ഇന്ത്യയിലെ പ്രതിപക്ഷപാർട്ടികളിൽ പലതും അന്ന് സിക്കുകാരെ അകമഴിഞ്ഞു പിന്തുണച്ചു.
ഇന്ന് നരേന്ദ്രമോദിയോടും ബിജിപിയോടും ഉള്ള വിരോധം മൂലം കഷ്ടതയനുഭവിക്കുന്ന കർഷകരെന്ന വ്യാജേന സമരം നടത്തുന്നവരെ പ്രതിപക്ഷപാർട്ടികൾ പിന്തുണക്കുന്നതുപോലെ അന്നും പ്രതിപക്ഷത്തുള്ള പലരും ഇന്ദിരാഗാന്ധിയുടെ പതനം ആഗ്രഹിച്ച് സിക്ക് പ്രക്ഷോഭകരെ പിന്തുണച്ചു. ഇന്നത്തെപ്പോലെ വിഷ്വൽ മീഡിയയും സോഷ്യൽ മീഡിയയും അന്നില്ലാതിരുന്നതുകൊണ്ട് പ്രക്ഷോഭകർക്കുള്ള പിന്തുണ ഇന്നത്തെപ്പോലെ അത്ര പ്രത്യക്ഷവും തീവ്രവും ആയിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ദിരാഗാന്ധി അതൊക്കെ അവഗണിച്ചു. അവർ ആ പ്രക്ഷോഭം ഉരുക്കു മുഷ്ടി കൊണ്ടുതന്നെ അടിച്ചമർത്തി. അതിനുവേണ്ടി അവർക്കു ജീവത്യാഗം ചെയ്യേണ്ടിവന്നതും ഇന്ദിരാഗാന്ധിവധത്തിനു ശേഷം ദില്ലിയിൽ അരങ്ങേറിയ സിക്ക് വംശജരുടെ കൂട്ടക്കൊലയുമൊക്കെ ചരിത്രത്തിൻറ്റെ ഭാഗമാണല്ലോ.
ഇപ്പോൾ നടക്കുന്ന കർഷക സമരത്തിലും സർദാർജിമാർ പണ്ടത്തെപ്പോലെ അബദ്ധം ആവർത്തിക്കുന്നുവെന്നാണ് എനിക്കു തോന്നുന്നത്. സർക്കാരുമായുള്ള ചർച്ചകളിൽ Yes or No എന്ന പ്ലാക്കാർഡുകൾ ഉയർത്തി അവർ വന്നത് കേന്ദ്രം ഭരിക്കുന്ന സർക്കാരിനെ പ്രതിപക്ഷ സഹായത്തോടെ മുട്ടുകുത്തിക്കാൻ കഴിയുമെന്നുള്ള ആൽമവിശ്വാസം കൊണ്ടുതന്നെയാണ്. പ്രത്യേകിച്ച് പഞ്ചാബ് ഒരു കോൺഗ്രസ് സർക്കാർ ഭരിക്കുന്നുവെന്നത് അവരുടെ ആൽമവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ, വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ഒരു സർക്കാർ കർഷകരുടെ നന്മക്കുവേണ്ടി കൊണ്ടുവന്ന നിയമങ്ങൾ ഈ പ്രക്ഷോഭം മൂലം പിൻവലിക്കുമെന്ന് കരുതുന്നത് മണ്ടത്തരമല്ലേ. അങ്ങിനെ ബില്ലുകൾ പിൻവലിച്ചായാലും ഞങ്ങൾക്ക് അധികാരം മതിയെന്നു ചിന്തിച്ചു നരേന്ദ്രമോദിയും ബിജെപിയും നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യുമെന്ന് ബുദ്ധിയുള്ള ആരെങ്കിലും കരുതുമോ! പുതിയ നിയമങ്ങൾ കർഷകർക്കു ഗുണംചെയ്യുമെന്നും അതുകൊണ്ട് 2024 ലെ തിരഞ്ഞെടുപ്പിലും ബിജെപിയെ ജനം തിരഞ്ഞെടുക്കുമെന്നുമുള്ള തിരിച്ചറിവുള്ളതുകൊണ്ടാണ് ഈ സമരത്തിനു പ്രതിപക്ഷം പിന്തുണ കൊടുക്കുന്നതെന്ന് മനസ്സിലാക്കാൻ റോക്കറ്റ് സയൻസ് പഠിക്കേണ്ട കാര്യമൊന്നുമില്ലല്ലോ. ഒരു കാരണവശാലും നിയമങ്ങൾ പിൻവലിക്കില്ലായെന്നു കേന്ദ്രസർക്കാർ ആവർത്തിക്കുന്നതിൻറ്റെ കാരണവും അതുതന്നെ.
എന്നെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ വളരെ വ്യക്തമാണ്. നന്മ ജയിക്കണം തിന്മ നശിക്കണം എന്ന് തീവ്രമായി ആഗ്രഹിക്കുന്നു. അന്നും ഇന്നും അങ്ങിനെതന്നെ. അന്ന് ഇന്ദിരാഗാന്ധി സർക്കാരിനെ പിന്തുണച്ചു. ഇന്ന് നരേന്ദ്രമോദി സർക്കാരിനെ പിന്തുണക്കുന്നു. കാർഷിക ബില്ലുകൾ കർഷകർക്ക് ആത്യന്തികമായി ഗുണമേ ചെയ്യൂ. സമരം ചെയ്യുന്നവർ കർഷകരല്ല; ഇവർ സമ്പന്നരാണ്, കർഷകരെ ചൂഷണം ചെയ്ത് തടിച്ചുകൊഴുത്ത ഇടനിലക്കാരാണ്, കർഷക മുതലാളിമാരാണ്. അതുകൊണ്ടാണ് ഒരു വർഷം നീണ്ടുനിന്നാലും അതിനുള്ള സന്നാഹങ്ങളൊക്കെ അവർ കരുതിയിട്ടുണ്ടെന്നു പറയുന്നത്. അതുകൊണ്ടു തന്നെ ഇവരെ തിരിച്ചറിയാൻ എനിക്കു കഴിയുന്നുണ്ട്. ഇന്ത്യയിലെ കർഷകർ ഈ സമ്പന്ന വർഗ്ഗത്തിൽ പെടുന്നില്ല. ജീവൽ പ്രശ്നങ്ങളുടെ മുൻപിൽ പകച്ചുനിൽക്കുന്ന, കടക്കെണിയിലാഴ്ന്ന, ആത്മഹത്യയുടെ മുനമ്പിൽ നിൽക്കുന്ന, കൃഷിയിറക്കാൻ പണമില്ലാതെ ബാങ്കുകളുടെ ദയാദാക്ഷിണ്യത്തിനുവേണ്ടി കാത്തുനിൽക്കുന്ന കർഷകരാണ് യഥാർത്ഥ കർഷകർ; അവർക്കു വേണ്ടിയാണ് സർക്കാർ കാർഷിക നിയമം കൊണ്ടുവന്നത്. ഭാരതത്തിലെ കോടിക്കണക്കിനു വരുന്ന യഥാർത്ഥ കർഷകർക്കും ഭാരതം ഭരിക്കുന്ന സർക്കാരിനുമാണ് എൻറ്റെ പിന്തുണ. ജയ് ഹിന്ദ്… ജയ് കിസ്സാൻ… ജയ് ജവാൻ!
Written By: Mathews Jacob
Mobile: +918891052375
email: [email protected]
web: www.mathewsjacob.com
Discussion about this post