‘വെള്ള’ത്തിന് ശേഷം ജയസൂര്യയും പ്രജേഷ് സെനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടു. ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം ജയസൂര്യ പ്രജേഷ് സെൻ ടീമിൽ ഒരുങ്ങുന്ന സിനിമയ്ക്ക് ‘മേരി ആവാസ് സുനോ’ എന്നാണ് പേരിട്ടിരിക്കുന്നത്.
ചിത്രത്തിൻ്റെ പോസ്റ്റർ പുറത്ത് വിട്ടത് ജയസൂര്യയും മഞ്ജു വാര്യരും ചേർന്നാണ്. മഞ്ജുവാര്യരാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇരുവരും ഒരുമിക്കുന്ന ആദ്യ ചിത്രം കൂടിയാണ് മേരി ആവാസ് സുനോ. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്.
യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് ചിത്രം നിർമിക്കുന്നത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു നായിക. ലോക റേഡിയോ ദിനത്തിലാണ് സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടത്. ജോണി ആൻ്റണി, സുധീർ കരമന, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തും മുംബൈയിലും കശ്മീരിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് നടക്കുക. ഒരു മാസമായി തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന വെള്ളത്തിൻറെ വിജയത്തിളക്കിനിടെയാണ് ഹിറ്റ് കൂട്ടുകെട്ട് പുതിയ സിനിമയുമായി എത്തുന്നത്.
വെള്ളം മുരളിയെ സൂപ്പർ ഹിറ്റാക്കിയ പ്രിയ പ്രേക്ഷകർക്ക് നന്ദിയെന്നും ഒപ്പം വലിയൊരു സന്തോഷ വാർത്ത കൂടി അറിയിക്കാനുണ്ടെന്നും കുറിച്ചുകൊണ്ടാണ് ജയസൂര്യ ഫേസ്ബുക്കിലൂടെ ടൈറ്റിൽ പുറത്ത് വിട്ടത്. ഞാൻ അഭിനയിക്കുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നുവെന്ന് കുറിച്ചുകൊണ്ടാണ് മഞ്ജു വാര്യർ ഫേസ്ബുക്കിലൂടെ പോസ്റ്റർ ഷെയർ ചെയ്തത്. ബി. രാകേഷാണ് നിർമ്മാണവും നിർവ്വഹിക്കുന്നത്. എല്ലാവരുടെയും സ്നേഹം പ്രതീക്ഷിക്കുന്നുവെന്നും താരം കുറിച്ചിരിക്കുന്നു. ജയസൂര്യക്കൊപ്പം ആദ്യമായി പ്രവർത്തിക്കുന്നതിൻ്റെ സന്തോഷം കൂടിയുണ്ടെന്നും മഞ്ജു കുറിച്ചിരുന്നു.
Discussion about this post