പട്ന: ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കുന്ന പ്രവാസികൾക്ക് ഗർഭ നിരോധന ഉറകൾ വിതരണം ചെയ്ത് ബീഹാർ സർക്കാർ. 14 ദിവസത്തെ സർക്കാർ ക്വാറന്റീൻ പൂർത്തിയാക്കി വീട്ടിലേക്ക് പോകുന്നവർക്കും വീടുകളിൽ ക്വീറന്റീനിൽ കഴിഞ്ഞവർക്കുമാണ് ഗർഭനിരോധന ഉറ വിതരണം ചെയ്തതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
“14 ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ പൂർത്തിയാക്കി കുടിയേറ്റ തൊഴിലാളികൾ അവരുടെ വീടുകളിലേക്ക് മടങ്ങുകയാണ്. അനാവശ്യ ഗർഭധാരണത്തിനുള്ള സാധ്യതകൾ ഉള്ളതിനാൽ, ഞങ്ങൾ അവരെ ഉപദേശിക്കുകയും ഗർഭധാരണം ഒഴിവാക്കാൻ കോണ്ടം പോലുള്ള ഉപകരണങ്ങൾ നൽകുകയും ചെയ്യുന്നു.”- ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പി.ടി.ഐ. യോട് പറഞ്ഞു
ഇത് കേവലം ഒരു കുടുംബാസൂത്രണ നടപടിയാണെന്നും കോവിഡുമായി ബന്ധവുമില്ലെന്നും കുടുംബാസൂത്രണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. “ഒരു ആരോഗ്യ വിദഗ്ദ്ധനെന്ന നിലയിൽ, ജനസംഖ്യ നിയന്ത്രിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. മുൻകൈ നടപ്പാക്കാൻ കെയർ ഇന്ത്യയുടെ പിന്തുണ ഞങ്ങൾ തേടുന്നു.” – അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗൺ സമയത്ത് അനാവശ്യ ഗർഭധാരണം വർധിക്കുമെന്നും ഈ പശ്ചാത്തലത്തിലാണ് ഈ സംരംഭം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ക്വാറന്റീൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതുവരെ ഈ സംരംഭം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post