ഒ. രാജഗോപാൽ കേരളത്തിലെ ബിജെപി അണികളുടെയും അനുഭാവികളുടെയും പ്രവർത്തകരുടെയും വോട്ടർമാരുടെയും മുഖത്ത് ആട്ടുക ആണ് ചെയ്തിരിക്കുന്നത്.
നമ്മുടെ രാജേട്ടൻ അല്ലേ, മുതിർന്ന നേതാവല്ലേ, പ്രായാധിക്യത്തിന്റെ പ്രയാസങ്ങൾ ഉള്ളതല്ലേ എന്നൊക്കെയുള്ള ന്യായത്തിൽ അവഗണിച്ചു കളയാവുന്നതല്ല അദ്ധേഹത്തിന്റെ ചെയ്തി.
സിപിഎമ്മിനും കോൺഗ്രസ്സിനും ഒപ്പം കൂടി കേന്ദ്ര പാർലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെയുള്ള പ്രമേയത്തെ അനുകൂലിക്കുകയും, എന്നിട്ടത് ഡെമോക്രാട്ടിക് സ്പിരിറ്റ് ആണെന്നൊക്കെ പരസ്യമായി പ്രഖ്യാപിക്കുകയും, പാർട്ടി നിലപാടിന് എതിരാണ് എന്റെ നടപടി എന്നതൊരു പ്രശ്‌നമായി കാണുന്നില്ലെന്ന് മാധ്യമങ്ങളോട് പറയുകയും ചെയ്യുന്നത് ക്ഷമിച്ചു വിടാവുന്ന ചെറു അബദ്ധമല്ല.
അതിൽ നടപടി ഉണ്ടായില്ലെങ്കിൽ പരിഹാസ്യമാവുക പ്രസ്ഥാനം ഒന്നടങ്കമാണ്.
സഭയുടെ പൊതു വികാരത്തിന്റെ കൂടെ കൂടാനല്ല ബിജെപി വോട്ടർമാർ അദ്ദേഹത്തെ സഭയിൽ അയച്ചത്.
കേരള സഭയുടെ അത്തരം പൊതു വികാരങ്ങൾക്ക് എതിരെയുള്ള ദേശീയ വാദികളുടെ ബദൽ വികാരത്തെ പ്രതിനിധീകരിക്കാനാണ്.
എത്ര ശുഷ്കവും ദുർബലവുമെങ്കിലും ആ എതിർപ്പിന് പ്രതിപക്ഷ സ്വരമെന്ന മാന്യത ഉണ്ടാവുമായിരുന്നു.
ആ ഒരൊറ്റ എതിർ വോട്ടിനു 139 അനുകൂല വോട്ടുകളെക്കാൾ പ്രസക്തി ഉണ്ടാവുമായിരുന്നു.
എന്നിട്ടും അദ്ദേഹം തിരഞ്ഞെടുത്തത് അടിയറവിന്റെ നാണംകെട്ട മാർഗ്ഗമാണ്.
കൂടെയുള്ളവരെ തള്ളിപ്പറഞ്ഞും എതിരാളികൾക്ക് പ്രിയപ്പെട്ടവൻ ആവുന്ന നെറികെട്ട ശൈലിയാണ്.
ഇതാദ്യത്തെ തവണയല്ല അദ്ദേഹമത് ചെയ്യുന്നത്.
സ്പീക്കർ തിരഞ്ഞെടുപ്പിൽ ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തപ്പോളും, CAA വിരുദ്ധ നിയമസഭാ പ്രമേയത്തെ എതിർക്കാതിരുന്നപ്പോളും ചെയ്ത അതേ വിശ്വാസ വഞ്ചനയാണ് അദ്ദേഹം ഇന്നും ആവർത്തിച്ചിരിക്കുന്നത്.
ഇനിയും കണ്ണടക്കാൻ ആണ് ഭാവമെങ്കിൽ ഇനിയൊരു തവണ കേന്ദ്ര സർക്കാരിന്റെ മികവും കോൺഗ്രസ്സ് – സിപിഎം വിരുദ്ധതയും പറഞ്ഞ് വോട്ടർമാരെ സമീപിക്കാനുള്ള ധർമ്മിക അധികാരം കേരളാ ബിജെപിക്ക് നഷ്ടമാവും.
സഭയിലെത്തിയാൽ പൊതു വികാരത്തിനു ഒപ്പം നിൽക്കാനാണ് പരിപാടി എങ്കിൽ ജനം പൊതു വികാരത്തിനു നേരിട്ട് വോട്ട് ചെയ്തോട്ടെ എന്നങ്ങു തീരുമാനിച്ചാൽ മതിയല്ലോ.
മറ്റെല്ലാ പരിഗണനകളും മാറ്റി വെച്ച് ഒ. രാജഗോപാലിന്റെ രാജി ആവശ്യപ്പെടാൻ ബിജെപി നേതൃത്വം തയ്യാറാവണം.
അതിനുള്ള ആർജ്ജവം ഇല്ലെങ്കിൽ ഈ പരിപാടി കെട്ടിപൂട്ടുന്നതാണ് നല്ലത്.”
(ഫേസ്‌ബുക്ക് പോസ്റ്റ് .ലിങ്ക് :- https://m.facebook.com/story.php?story_fbid=10158165532207984&id=660717983 )
Discussion about this post